ജമ്മുവില്‍ ബിഎസ്എഫുകാരെ വധിച്ച 20 കാരനായ പാക്ക് ഭീകരനെ നാട്ടുകാര്‍ ജീവനോടെ പിടികൂടി

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദംപൂരില്‍ രണ്ടു ബിഎസ്എഫ് ഭടന്മാരെ കൊന്ന പാക്കിസ്ഥാന്‍കാരനായ ഭീകരന്‍ ജീവനോടെ പിടിയില്‍. കാസിം ഖാന്‍ (20) എന്ന പാക്ക് ഭീകരനെ നാട്ടുകാരാണ് പിടികൂടിയത്. മുംബൈയിലെ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബിനു ശേഷം ആദ്യമായാണ് ഒരു പാക്ക് ഭീകരന്‍ ഇന്ത്യയുടെ പിടിയിലാകുന്നത്. രക്ഷപ്പെട്ട രണ്ടു ഭീകരരെ കണ്ടെത്താന്‍ കമാന്‍ഡോകളെ സംഭവ സ്ഥലത്തേയക്ക് അയച്ചു. ഉദംപൂരിലെ നാര്‍സൂ പ്രദേശത്തെ ദേശീയപാതയില്‍ ഇന്നു രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്.

ദേശീയപാതയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. തീര്‍ഥാടക സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ഏതാനും ദിവസം മുന്‍പ് ജമ്മു കശ്മീരിലെ പൊലീസ് ചെക്ക് പോയന്റിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു. ബരാമുല്ല ശ്രീനഗര്‍ ദേശീയപാതയില്‍ പത്താനിലെ മിര്‍ഗുണ്ട് ചെക്ക് പോയന്റിനു നേരെയാണു വെടിവയ്പുണ്ടായത്. രാത്രി ചെക്ക് പോയന്റില്‍ എത്തിയ കാര്‍ പരിശോധിക്കാന്‍ ശ്രമിക്കവെ രണ്ട് ഭീകരര്‍ പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.