ഗുരുവായൂരപ്പന്റെ ഥാര്‍ അമലിന് തന്നെ; ലേലത്തിന് ഭരണസമിതിയുടെ അംഗീകാരം; ജിഎസ്ടി അടക്കം 18 ലക്ഷം രൂപ

ഗുരുവായൂര്‍: മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരിലേക്ക് കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ വാഹനം 15.10 ലക്ഷം രൂപ്ക്ക് ലേലം പിടിച്ച അമല്‍ മുഹമ്മദലിക്ക് ഇതേ തുകയ്ക്കു തന്നെ ലേലം ഉറപ്പിച്ചു നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് 15,10,000 രൂപയ്ക്ക് വണ്ടി ലേലത്തില്‍ പിടിച്ചത്. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം നല്‍കണം. ഗുരുവായൂരിലെ മറ്റു ലേലനടപടികളില്‍ എന്ന പോലെ ഥാര്‍ ലേലം ചെയ്ത വിവരം ഇനി ഭരണസമിതി ദേവസ്വം കമ്മീഷണറെ ഔദ്യോഗികമായി അറിയിക്കും കമ്മീഷണര്‍ ലേലം അംഗീകരിക്കുന്നതോടെ മുഴുവന്‍ പണവും അടച്ച് ഥാര്‍ അമല്‍ മുഹമ്മദലിക്ക് സ്വന്തമാക്കാം. സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ഥാര്‍ ലേലത്തിന് വച്ചപ്പോള്‍ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഖത്തറില്‍ വ്യവസായിയായ അമല്‍ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിച്ചു. വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപ വരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, ലേലം ഉറപ്പിച്ചത് താത്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയര്‍മാന്റെ നിലപാട്. എന്നാല്‍ ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗം വാഹനം ലേലത്തില്‍ വിളിച്ച ആള്‍ക്ക് തന്നെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.