പോത്തന്‍കോട് സുധീഷ് വധക്കേസ്; പ്രതിയെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മുങ്ങി;പൊലീസുകാരന്‍ മരിച്ചു;അപകടം ഒട്ടകം രാജേഷിന് വേണ്ടിയുള്ള തിരച്ചിലില്‍

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന്‍ മരിച്ചു.കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് സംഭവം. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സി.ഐ.യും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.ബാക്കിയുള്ളവര്‍ നീന്തിരക്ഷപ്പെട്ടു.
ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് ബാലുവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോത്തന്‍കോട് സുധീഷ് കൊലപാതക കേസിലെ പത്ത് പ്രതികളെ കഴിഞ്ഞദിവസങ്ങളിലായി പൊലീസ് പിടികൂടിയിരുന്നു.കേസിലെ രണ്ടാം പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാള്‍ ദിവസങ്ങളായി ഒളിവിലാണ്.ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.

© 2025 Live Kerala News. All Rights Reserved.