ന്യൂഡല്‍ഹി:പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസ്സ് ആക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഈ ബില്ല് നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.നിലവില്‍ പുരുഷന്റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആണ്‍, പെണ്‍ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസ്സാക്കാന്‍ ശ്രമിക്കുന്നത്.പ്രായപരിധി ഉയര്‍ത്താന്‍ ബാലവിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദഗതി വരുത്തുക. 1929ല്‍ പാസാക്കിയ നിയമപ്രകാരം പെണ്‍കുട്ടികള്‍ക്ക് 14 വയസ്സും ആണ്‍കുട്ടികള്‍ക്ക് 18 വയസ്സുമായിരുന്നു വിവാഹ പ്രായം. സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബില്‍ അവതരിപ്പിച്ച ജഡ്ജ് ബിലാസ് ശാരദയുടെ പേരിലായിരുന്നു പിന്നീട് നിയമം അറിയിപ്പെട്ടത്.1978ല്‍ ഈ നിയമം ഭേദഗതി ചെയ്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സും പുരുഷന്‍മാരുടേത് 21 വയസ്സുമായി തീരുമാനിക്കുകയായിരുന്നു. 2006ല്‍ ബാലവിവാഹ നിരോധ നിയമം വന്നെങ്കിലും പ്രായപരിധിയില്‍ മാറ്റം വന്നിരുന്നില്ല. തുടര്‍ന്ന് ഏറെ കാലമായുള്ള ആവശ്യത്തിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ തീരുമാനത്തിലെത്തുന്നത്.ജയ ജയ്റ്റ്‌ലി അധ്യക്ഷയായ കര്‍മസമതി നല്‍കിയ ശുപാര്‍ശ പ്രകാരമാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചത്. 2020 ജൂണിലാണ് കമ്മീഷനെ കര്‍മസമതിയെ നിയോഗിച്ചത്.