കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി സ്‌കൂളില്‍ ലിംഗസമത്വ യൂണിഫോ ധരിച്ച് കുട്ടികള്‍ പഠിക്കാനെത്തി. ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലാക്കിയത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെക്കന്ററി സ്‌കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തില്‍ യൂണിഫോം രീതി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എതിര്‍പ്പുകള്‍ ഇല്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. യൂണിഫോം ഏകീകരിക്കാനുള്ള നിര്‍ദേശം സ്വാഗതം ചെയുന്നു. സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ അനാവശ്യമായി വിവാദം ഉണ്ടാകേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സംവിധാനത്തില്‍ വന്ന മാറ്റത്തെ ചൊല്ലി വിവാദം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് എന്ന് ആരോപിച്ച് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കോ ഓര്‍ഡിനേഷര്‍ കമ്മിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ ബാലുശ്ശേരി സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. എന്നാല്‍ രക്ഷിതാക്കള്‍ക്കോ, കുട്ടികള്‍ക്കോ ഇല്ലാത്ത ആശങ്കയാണ് എതിര്‍ക്കുന്നവര്‍ക്കെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.