പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വി.സിയായി തുടരാം;സര്‍ക്കാറിന് ആശ്വാസം; ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി ഹൈക്കോടതി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് നടപടി.സംസ്ഥാന സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. അതേസമയം വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഹര്‍ജിക്കാരുടെ തീരുമാനം.ഗോപിനാഥിന്റെ നിയമനം സര്‍വകലാശാല നിയമത്തിനു വിരുദ്ധമാണെന്നും അതിനാല്‍ തുടര്‍നിയമനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് , അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 22 വരെയായിരുന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി.എന്നാലിത് അടുത്ത 4 വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്.നിയമന ഉത്തരവില്‍ ഒപ്പിട്ടത് സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും വന്നതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായിരുന്നു.മാത്രമല്ല വി.സി പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു.അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.