ന്യൂഡല്‍ഹി:കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പെട്രോളിനും ഡീസലിനും ചുമത്തിയ നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഏകദേശം 8 ലക്ഷം കോടി രൂപ സമ്പാദിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . രാജ്യസഭിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതില്‍ 3.71 ലക്ഷം കോടി രൂപ 2020-21ന് വര്‍ഷത്തിലാണ് ലഭിച്ചതെന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.പെട്രോളിന്റെ എക്‌സൈസ് തീരുവ 2018 ഒക്ടോബര്‍ 5-ന് ലിറ്ററിന് 19.48 രൂപയില്‍ നിന്ന് 2021 നവംബര്‍ 4-ന് 27.90 രൂപയായി ഉയര്‍ന്നു. അതേ കാലയളവില്‍ ഡീസലിന്റെ തീരുവ ലിറ്ററിന് 15.33 രൂപയില്‍ നിന്ന് 21.80 രൂപയായി വര്‍ധിച്ചു.2021 ഫെബ്രുവരി മുതല്‍ ക്രമാനുഗതമായി വര്‍ധിച്ച ഇന്ധന നികുതി നവംബര്‍ നാലിനാണ് കുറയുന്നത്. പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.2018-19 കാലത്ത് 2,10,282 കോടി രൂപയും 2019-20 കാലത്ത് 2,19,750 കോടി രൂപയും 2020-21 കാലത്ത് 3,71,908 കോടി രൂപയുമാണ് ഇന്ധന നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചതെന്ന് ധനമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.ഈ വര്‍ഷം നവംബര്‍ 4 ന് ദീപാവലിക്ക് തൊട്ടുമുമ്പ്, സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും കുറച്ചു.ഇതിന് പിന്നാലെയാണ് പല സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചത്.