ന്യൂഡല്‍ഹി:കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷം കാശിധാം ഇടനാഴി ഉദ്ഘാടനം ചെയ്തു.ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്.കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാനദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഇടനാഴിക്ക് 50 അടി വീതിയും 75 മീറ്റര്‍ നീളവുമുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഗംഗയുടെ തീരത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാണ് ഈ ഇടനാഴി നിര്‍മിച്ചിരിക്കുന്നത്. ഗംഗയില്‍ സ്‌നാനത്തിനും മറ്റ് പൂജകള്‍ ചെയ്യാനും തിക്കി തിരക്കിയാണ് ആളുകള്‍ യാത്ര ചെയ്തിരുന്നത്. ഈ പുതിയ ഇടനാഴിയിലൂടെ ഇനി തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ ഗംഗാതീരത്ത് എത്താം. കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കായി കരകൗശല വസ്തുവില്‍പനകേന്ദ്രങ്ങള്‍, പ്രദര്‍ശന ഹാള്‍, ക്ഷേത്ര ട്രസ്റ്റ് ഓഫിസ് എന്നിവ ചേര്‍ന്ന ഒരു മന്ദിര്‍ ചൗക്ക്, സിറ്റി മ്യൂസിയം, കാശിയുടെ പുരാണം പറയുന്ന വാരാണസി വെര്‍ച്വല്‍ ഗ്യാലറി, ഓഡിറ്റോറിയം, ഭക്തജനങ്ങള്‍ക്കും പുരോഹിതര്‍ക്കും വിശ്രമകേന്ദ്രങ്ങള്‍, മോക്ഷം തേടിയെത്തുന്ന മുതിര്‍ന്നവര്‍ക്കായി മോക്ഷഭവനം, ഭക്തര്‍ക്കു വേണ്ട പൊതുസൗകര്യങ്ങള്‍ ഫുഡ്കോര്‍ട്ട്, ആധ്യാത്മിക ഗ്രന്ഥങ്ങളുള്ള ലൈബ്രറി, ടൂറിസ്റ്റ് സെന്റര്‍, ഗോദൗലിയ കവാടം എന്നിങ്ങനെ നിരവധി സൈകര്യങ്ങളാണ് ഇവടെ ഒരുങ്ങുന്നത്. ഇതിനായുള്ള ജോലികള്‍ 70 ശതമാനത്തോളം തീര്‍ന്നു കഴിഞ്ഞു. അംഗപരിമിതിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ സഹായകമാകുന്ന രീതിയിലാണ് ഇടനാഴി രൂപകല്‍പന.വാരാണസി എം.പി കൂടിയായ മോദി 2019 മാര്‍ച്ചിലാണ് കാശി വിശ്വനാഥ ക്ഷേത്രത്തിതേയ്ക്ക് ഇടനാഴി പണികഴിപ്പിക്കുന്നതിനായി തറക്കല്ലിട്ടത്. പദ്ധതി നടപ്പിലാക്കാനായി ശ്രീ കാശി വിശ്വനാഥ് സ്പെഷല്‍ ഡവലപ്മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിച്ചു. 800 മുതല്‍ 1000 കോടി രൂപവരെയാണ് ചെലവു കണക്കാക്കിയത്. ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്റ്റ രൂപകല്‍പന ചെയ്ത ഗുജറാത്തിലെ ബിമല്‍ പട്ടേലിന്റെ എച്ച്സിപി ഡിസൈന്‍ എന്ന സ്ഥാപനം തന്നെയാണ് കാശി ധാമിന്റെയും രൂപകല്‍പനയും ഏറ്റെടുത്തത്.