ബി.ജെ.പിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുന്ന ആളാവാന്‍ ശ്രമിക്കുന്നു;മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനും, ആരുടെയൊക്കെയോ പ്രീതി നേടാനുമാണ് ശ്രമം;ഗവര്‍ണര്‍ക്കെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം.
മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനും, ആരുടെയൊക്കെയോ പ്രീതി നേടാനുമാണ് ഗവര്‍ണറുടെ ശ്രമമെന്നും സി പി ഐ മുഖപത്രമായ ജനയുഗം വിമര്‍ശിക്കുന്നു.ഗവര്‍ണറുടെ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ല. നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്റെ പാത ഇതിനകം പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായെന്നും പത്രം ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദസൃഷ്ടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കശ്മീരിലും ഗോവയിലും യു.പിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബംഗാളിലും കേരളത്തിലും നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പാവകളായി മാറുന്നത് പലപ്പോഴും കാണുന്നുണ്ടെന്നും പത്രം ആരോപിച്ചു.ബി.ജെ.പിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും സമീപനാളുകളില്‍ ചില ഉദാഹരണങ്ങളുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ പല തവണ ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹാസ്യനാകേണ്ടിവന്ന മുന്‍കാല അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നില്ലെന്നും ജനയുഗം വിമര്‍ശിച്ചു.സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവി ഒഴിയുകയാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജനയുഗം മുഖപ്രസംഗം പൂര്‍ണരൂപം,

കേരളത്തില്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ല. നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്റെ പാത ഇതിനകം പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായി.

നയപ്രഖ്യാപനം വായിക്കുന്നത് സംബന്ധിച്ച വിവാദവും സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പരസ്യമായ പ്രതികരണങ്ങളും അതിന്റെ ഭാഗമായിരുന്നു. പൗരത്വ ഭേദഗതി നിയമ(സി.എ.എ)ത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ ആകെ വികാരം പ്രതിഫലിപ്പിക്കുന്നതിനായി 2020 ഡിസംബറില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അയച്ചപ്പോള്‍ അത് തിരിച്ചയച്ചുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ചായ്വ് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്.
ഗവര്‍ണര്‍ എന്ന പദവിയുടെ ചുമതലകള്‍ മറന്നുകൊണ്ടുള്ള ആ നിലപാട് അദ്ദേഹത്തിന് തന്നെ തിരുത്തേണ്ടിവന്നുവെന്നത് പിന്നീടുള്ള അനുഭവമാണ്. നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ രണ്ടാംതവണയും സംസ്ഥാന സര്‍ക്കാര്‍ നല്കിയപ്പോള്‍ അതനുസരിച്ച് സഭ വിളിച്ചുചേര്‍ക്കുകകയും സി.എ.എ പിന്‍വലിക്കണമെന്ന പ്രമേയം അംഗീകരിക്കുകയും ചെയ്തു. കേന്ദ്ര നിയമത്തിനെതിരെ നിലപാടെടുക്കുവാന്‍ സംസ്ഥാന നിയമസഭയ്ക്ക് വ്യവസ്ഥയില്ലെന്ന വാദമാണ് ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടുവച്ചത്.
എന്നാല്‍ കേരളത്തിന് പിന്നാലെ പല നിയമസഭകളും ഇതേ രീതിയില്‍ സമ്മേളനം ചേര്‍ന്ന് സി.എ.എക്കെതിരെ പ്രമേയം അംഗീകരിച്ചു. എന്നുമാത്രമല്ല സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് സഭ വിളിച്ചുചേര്‍ക്കുകയെന്നത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്നത് ഉറപ്പിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ വൃഥാവിലാകുന്ന ശ്രമങ്ങള്‍ വീണ്ടും അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല. സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദസൃഷ്ടിയാണ് ഒടുവില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവി ഒഴിയുകയാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെ നിര്‍ദ്ദേശിക്കുന്നത് യുജിസി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണ്.

ഈ പശ്ചാത്തലത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും അനാവശ്യ വിവാദമാണ് സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നതെന്നും അതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും സംശയിച്ചാല്‍ തെറ്റാവില്ല. ബാലിശമായ കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത് എന്നതുതന്നെകാരണം. അതുകൊണ്ട് ഇപ്പോഴത്തെ പ്രകോപനത്തിന്റെ കാരണം അദ്ദേഹം തന്നെയാണ് വിശദീകരിക്കേണ്ടത്.

ഗവര്‍ണര്‍ എന്ന പദവി തന്നെ അനാവശ്യമാണെന്ന സംവാദം ശക്തമായി നടന്നുകൊണ്ടിരിക്കേയാണ് ആ പദവി ഉപയോഗിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനും മാധ്യമ ശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒന്നായി ഗവര്‍ണര്‍ പദവി ഉപയോഗിക്കപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ ക്രമസമാധാനത്തിന്റെയും മറ്റും പേരുപറഞ്ഞ് ഗവര്‍ണര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ എഴുതി വാങ്ങിയാണ് കേന്ദ്ര സര്‍ക്കാരുകള്‍ പിരിച്ചുവിട്ടത്. അതിനാല്‍തന്നെ ജനാധിപത്യഹത്യക്ക് വഴിയൊരുക്കുന്നതിനുള്ള ഉപകരണമായി ഗവര്‍ണര്‍ പദവി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. അടിയുറച്ച രാഷ്ട്രീയക്കാര്‍ക്ക് വഹിക്കുവാനുള്ളതായിരുന്നില്ല ഗവര്‍ണര്‍ പദവി. എങ്കിലും കോണ്‍ഗ്രസിന്റെ കാലത്ത് പാര്‍ട്ടിയിലെ പ്രായമേറെ ആയവര്‍ക്കും ഗ്രൂപ്പ് എതിരാളികള്‍ക്കും നല്കാനുള്ളതായി അത് മാറ്റി. ബി.ജെ.പിയാകട്ടെ അത് പാര്‍ട്ടിക്കാര്‍ക്കും വിധേയര്‍ക്കും വിശ്വസ്തര്‍ക്കുമുള്ള ഇടമാക്കി മാറ്റുകയാണ് ചെയ്തത്.

കശ്മീരിലും ഗോവയിലും യുപിയിലും തമിഴ്നാട്ടിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബംഗാളിലും കേരളത്തിലും നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ഇതിനുദാഹരണമാണ്. അവര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പാവകളായി മാറുന്നത് പലപ്പോഴും നാം കാണുകയും ചെയ്യുന്നുണ്ട്. ബി.ജെ.പിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും സമീപനാളുകളില്‍ ചില ഉദാഹരണങ്ങളുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണ്.

പക്ഷേ പല തവണ ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹാസ്യനാകേണ്ടിവന്ന മുന്‍കാല അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നില്ലെന്നത് ആ പദവിയെയാണ് അപകീര്‍ത്തിപ്പെടുത്തുന്നത്. ഇതിന് മുമ്പ് വിവാദമുണ്ടാക്കിയ ഒരു വിഷയത്തിലും ഗവര്‍ണര്‍ക്ക് മേല്‍ക്കൈ നേടാനായില്ലെന്നതുപോകട്ടെ ജനകീയ അഭിപ്രായം അനുകൂലമാക്കുന്നതിനു പോലും സാധിച്ചില്ല.

ഇത്രയുമേ ആ പദവിക്ക് അധികാരങ്ങളുള്ളൂ എന്ന് മനസിലാക്കാത്തത് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുടെ കുഴപ്പമാണ്. പദവിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ പിശകല്ല. മന്ത്രിസഭയും ഗവര്‍ണറുമായി വിയോജിപ്പുകള്‍ സ്വാഭാവികമാണ്. പക്ഷേ അത് അനാവശ്യ വിവാദത്തിലേയ്ക്ക് നയിക്കുന്നത് ആശാസ്യമാണോയെന്ന പരിശോധന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

© 2024 Live Kerala News. All Rights Reserved.