ഗുഡ്ഗാവ്:ഗുഡ്ഗാവില്‍ തുറസായ സ്ഥലങ്ങളില്‍ ജുമാനമസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.ഗുരുഗ്രാമിലെ വിവിധ മേഖലകളില്‍ പൊതുസ്ഥലങ്ങളില്‍ നമസ്‌കാരം അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 2018-ല്‍ ഹിന്ദു സമുദായത്തിലെ അംഗങ്ങളുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിലെ നിയുക്ത സ്ഥലങ്ങളില്‍ നമസ്‌കരിക്കാന്‍ അനുവദിച്ച് കൊണ്ട് ഉണ്ടാക്കിയ മുന്‍ ഉടമ്പടി ഇതോടെ സര്‍ക്കാര്‍ പിന്‍വലിച്ചു.
എല്ലാ കക്ഷികളുമായും ഗുഡ്ഗാവ് ഭരണകൂടം വീണ്ടും ചര്‍ച്ചകള്‍ നടത്തുകയാണെന്നും ആരുടെയും അവകാശങ്ങള്‍ക്ക് മേലെ കടന്നുകയറാത്ത ”സൗഹാര്‍ദ്ദപരമായ പരിഹാരം” ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ ആളുകള്‍ അവരുടെ വീടുകളിലും മറ്റ് ആരാധനാലയങ്ങളിലും പ്രാര്‍ത്ഥന നടത്തണം.”ഞാന്‍ പൊലീസുമായി സംസാരിച്ചു, ഈ പ്രശ്‌നം പരിഹരിക്കണം. ആരാധനാലയങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നതിനോട് ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. ആ സ്ഥലങ്ങള്‍ ഇതിനായി നിര്‍മ്മിച്ചതാണ്.” മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഖട്ടര്‍ പറഞ്ഞു. എന്നാല്‍ ഇവ തുറന്നിടത്ത് ചെയ്യരുത്. തുറസായ സ്ഥലത്ത് നമസ്‌കരിക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തുറസായ ഭൂമിയില്‍ മുസ്ലിങ്ങള്‍ നമസ്‌കാരം നടത്തുന്നതിനെതിരെ തീവ്ര വലതുപക്ഷ സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുസ്ലിങ്ങള്‍ ഇത്തരത്തില്‍ പ്രാത്ഥിച്ചിരുന്ന സ്ഥലത്ത് കഴിഞ്ഞ മാസം ഹിന്ദു സംഘടനകള്‍ ചാണകം വിതറിയത് വാര്‍ത്തയായിരുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍, സമാധാനപരമായി പ്രാര്‍ത്ഥിക്കുകയായിരുന്ന മുസ്ലീങ്ങള്‍ക്ക് നേരെ ”ജയ് ശ്രീറാം” വിളികളുമായി ഹിന്ദു സംഘടനകള്‍ എത്തി.ഒക്ടോബറില്‍ ഹിന്ദു സംഘടനകള്‍ സെക്ടര്‍ 12-എയില്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയത് സംഘര്‍ഷം ആളിക്കത്തിച്ചു. കനത്ത പൊലീസ് സന്നാഹത്തോടെ ആണ് അന്ന് മുസ്ലിങ്ങള്‍ പ്രാര്‍ത്ഥന നടത്തിയത്. സംഭവത്തില്‍ 30 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഇതിന് ശേഷം, മുമ്പ് സമ്മതിച്ച 37 സൈറ്റുകളില്‍ എട്ടെണ്ണത്തിലും മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ലെന്ന് നവംബര്‍ 2 ന് ഗുഡ്ഗാവ് ഭരണകൂടം പറഞ്ഞു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കിയതെന്നും സമാനമായ എതിര്‍പ്പുകള്‍ ഉയര്‍ന്നാല്‍ മറ്റ് സൈറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കുമെന്നും ഭരണകൂടം അറിയിച്ചു.