കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ശുചിമുറിയിലെ ബക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുരേഷ്-നിഷ ദമ്പതികളുടെ മകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിച്ചു. ആശാ വര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍ നിന്നും കണ്ടെത്തിയത്.
കുട്ടിക്ക് അനക്കമില്ലാതായതോടെ മറവുചെയ്യാന്‍ ശുചിമുറിയിലെ ബക്കറ്റിലിട്ട് വെക്കാന്‍ മൂത്തകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് നിഷ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ച കുട്ടിയെക്കൂടാതെ ഇവര്‍ക്ക് അഞ്ച് കുട്ടികള്‍ കൂടിയുണ്ട്.സംഭവ സമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് ജോലിക്കു പോയിരുന്നു.