അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞു;ബാരലിന് 80 ഡോളറില്‍ താഴെ;വിലയിടിഞ്ഞത് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ

ജനീവ: ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞു.ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിന് താഴെയെത്തി. 2020 ഏപ്രിലിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിതെന്ന റിപ്പോര്‍ട്ട്.അഞ്ച് ശതമാനത്തോളമാണ് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ ബാരലിന് വിലയിടിഞ്ഞത്.ക്രൂഡ് ഓയിലിന്റെ ഉപഭോക്താക്കളായ രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരം പുറത്തിറക്കി നടത്തിയ ഇടപെടലിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിതരണം വര്‍ധിച്ചേക്കുമെന്നുള്ള ആശങ്കകളും വിലയിടിവിന് കാരണമായിട്ടുണ്ട്.അമേരിക്ക ഉള്‍പ്പെടെയുള്ള ഉപഭോഗ രാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ പുറത്തിറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.ബി.1.1.529 എന്നാണ് പുതിയ വകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്.ഹോങ്കോംഗില്‍ ക്വാറന്റൈനില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ വിനോദസഞ്ചാരിയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാന, ബെല്‍ജിയം ഇസ്രഈല്‍ എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.കെ സര്‍ക്കാര്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് പുറമെ ബോട്സ്വാന, ലെസോത്തോ, നമീബിയ, സിംബാബ്വേ തുടങ്ങിയ രാജ്യത്ത് നിന്നുള്ള വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.