പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു;വിടവാങ്ങിയത് ജനപ്രിയ പാട്ടുകളുടെ അമരക്കാരന്‍

തിരുവനന്തപുരം:പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.400 ലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. 1942 ഫെബ്രവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സിജെ ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാര്‍ത്ഥ പേര് ബി. ശിവശങ്കരന്‍നായര്‍ എന്നായിരുന്നു. 1972ല്‍ പുറത്തിറങ്ങിയ ‘ഭജഗോവിന്ദം’എന്ന ചിത്രത്തിലൂടെയായിരുന്നു ബിച്ചു തിരുമല ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ല.1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ പങ്കാളിയായി. ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമായിരുന്നു അദ്ദേഹം എഴുതിയത്. ഇതില്‍ വേഷമിടുകയും ചെയ്തു. ഈ നാടകം ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.രണ്ടുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. ഇതിന് പുറമെ സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി പി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി. പ്രസന്നയാണ് ഭാര്യ, മകന്‍ സുമന്‍. പ്രശസ്ത പിന്നണിഗായിക സുശീല ദേവിയും സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602