തുടക്കം കുറിച്ച പദ്ധതികളൊന്നും സര്‍ക്കാര്‍ ഇടക്ക് വെച്ച് അവസാനിപ്പിക്കില്ല; സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടക്കം കുറിച്ച പദ്ധതികളൊന്നും സര്‍ക്കാര്‍ ഇടക്ക് വെച്ച് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ചിലര്‍ കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ശ്രമിക്കുന്നത്. ഒരല്‍പം പിറകോട്ട് പോയാല്‍ അവര്‍ക്കത്രയും സന്തോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത ചാന്‍സലേഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമാണെന്ന് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപികരിച്ച കിഫ്ബി വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ലെന്നും കിഫ്ബി വായ്പകള്‍ ബജറ്റിതര വായ്പയല്ലെന്നും ആകസ്മിക ബാധ്യതകളാണെന്നുമുള്ള സര്‍ക്കാര്‍ വാദം സി.എ.ജി തള്ളിയിരുന്നു.

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെട്രോളിയം സെസും മോട്ടോര്‍ വാഹന നികുതിയും വിനിയോഗിച്ചാണ് കിഫ്ബി വായ്പകളുടെ പലിശ തിരിച്ചടവെന്നും സര്‍ക്കാരിന്റെ സാമ്പത്തിക രേഖകള്‍ ഈ വായ്പകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.
കിഫ്ബി വായ്പകളുടെ വിശദാംശങ്ങള്‍ ബജറ്റിലും അക്കൗണ്ടുകളിലും ഉള്‍പ്പെടുത്തണമെന്ന് സി.എ.ജി നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പദ്ധതി നിശ്ചിത ലക്ഷ്യം നേടിയിട്ടില്ലെന്നും ആശങ്ക ഉളവാക്കുന്ന രീതിയില്‍ റവന്യൂ വരുമാനത്തിന്റെ 21 ശതമാനം പലിശ ചെലവുകള്‍ക്കായി വിനിയോഗിച്ചുവെന്നും സി.എ.ജി പറഞ്ഞിരുന്നു.
ഇതിനെ എതിര്‍ത്ത് കിഫ്ബിയും രംഗത്ത് വന്നിരുന്നു. തങ്ങള്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും വരുമാനസ്രോതസ്സ് ആണെന്നുമാണ് കിഫ്ബി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602