മഴ കനക്കുന്നു;3 മണിക്കൂറില്‍ 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യത;വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 40 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് നവംബര്‍ 11 മുതല്‍ വീണ്ടും അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 11ന് വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും 10നും മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതിനാല്‍ മധ്യ കിഴക്കന്‍, പടിഞ്ഞാറന്‍ അറബിക്കടലില്‍ നാളെ വരെ മത്സ്യബന്ധനത്തിനു പോകരുത്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍, ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ നാളേക്കകം മടങ്ങിയെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണു രണ്ടു ദിവസത്തേക്കു മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602