ന്യൂന മര്‍ദം; മൂന്ന് ദിവസവും മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദത്തെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്. അറബിക്കടലില്‍ രൂപം കൊണ്ടിട്ടുളള ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇത് തീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുണ്ട്. നിലവില്‍ തെക്ക് കിഴക്കന്‍ അറബികടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുകയും മധ്യകിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാനുമാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാത ചുഴി കേരളത്തില്‍ മഴ ലഭിക്കുന്നതിന് കാരണമാകും. ലക്ഷദ്വീപില്‍ നിന്ന് മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തമിഴ്‌നാട് ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പൊകരുതെന്ന മുന്നറിയിപ്പും തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.