പണിമുടക്ക് രണ്ടാം ദിനം;പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് . പ്രതിപക്ഷ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടി.ഡി.എഫിന്റെയും ഒപ്പം എ.ഐ.ടി.യു.സിയുടെയും പണിമുടക്ക് തുടരുകയാണ്. വെള്ളിയാഴ്ച മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എ.ഐ.ടി.യു.സിയുടെ എംപ്ളോയീസ് യൂണിയനാണ് ശനിയാഴ്ച കൂടി പണിമുടക്കാന്‍ തീരുമാനിച്ചത്.സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചിരുന്നു.സി.ഐ.ടി.യുവില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശനിയാഴ്ച ജോലിക്ക് ഹാജരാകുമെന്ന് അറിയിച്ചിരുന്നു. പണിമുടക്കുന്നുണ്ടെങ്കിലും ബസ് തടയില്ലെന്ന് ടി.ഡി.എഫും എ.ഐ.ടി.യു.സിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ശനിയാഴ്ച പരമാവധി സര്‍വ്വീസുകള്‍ നടത്താനും, അവര്‍ക്ക് ഡബിള്‍ ഡ്യൂട്ടി നല്‍കാനും കെ.എസ്.ആര്‍.ടി.സി സി.എം.ഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യറൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വീസുകള്‍, ഒറ്റപ്പെട്ട സര്‍വീസുകള്‍, പ്രധാന റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ എന്നിവയും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വീസുകളും നടത്തും. വാരാന്ത്യദിനമായതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സര്‍വീസ് ക്രമീകരിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. 2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602