കോവിഡ് മഹാമാരി ആയുര്‍ദൈര്‍ഘ്യം കുറച്ചതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട്

ലണ്ടന്‍: ഒന്നരവര്‍ഷത്തിലേറെ കാലമായി ലോകത്ത് പിടിമുറുക്കിയിരിക്കുന്ന കോവിഡ് മഹാമാരി ആയുര്‍ദൈര്‍ഘ്യം കുറച്ചതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട്. അമേരിക്കയില്‍ രണ്ടുവര്‍ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ആയുര്‍ ദൈര്‍ഘ്യം കുറയുന്നത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്ത് 47ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. കോടിക്കണക്കിന് ആളുകളെയാണ് രോഗം ബാധിച്ചത്. ലോകത്തെ 29 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 22 രാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ആറുമാസത്തിന്റെ കുറവ് ഉണ്ടായി. 2019ലെ കണക്കുമായി തട്ടിച്ച് നോക്കുമ്പോഴാണ് ഈ കുറവ്. യൂറോപ്പ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ചിലി തുടങ്ങിയ ഇടങ്ങളിലാണ് പഠനം നടത്തിയത്.

ഭൂരിഭാഗം രാജ്യങ്ങളിലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത്. അമേരിക്കയിലെ പുരുഷന്മാരില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ശരാശരി 2.2 വര്‍ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 15 രാജ്യങ്ങളില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഗണ്യമായ കുറവുണ്ടായി.

11 രാജ്യങ്ങളില്‍ സ്ത്രീകളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ ഇടയില്‍ മരണനിരക്ക് വര്‍ധിച്ചു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ 60 വയസിന് മുകളിലുള്ളവരിലാണ് മരണനിരക്ക് ഉയര്‍ന്നത്. കൂടുതല്‍ പഠനത്തിന് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെയും ഇടത്തരം രാജ്യങ്ങളുടെയും കോവിഡ് മരണവുമായി ബന്ധപ്പെട്ട ഡാറ്റ ലഭിക്കേണ്ടതുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.