പെഗാസസ്; മറുപടി തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പെഗാസസ് കേസില്‍ മറുപടി തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

കോടതിക്ക് മുന്നിലുള്ള വിഷയത്തില്‍ സമാന്തര ചര്‍ച്ച പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചില മര്യാദകള്‍ പാലിക്കണമെന്ന് കപില്‍ സിബലിനോട് കോടതി പറഞ്ഞു. പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകും അത് കോടതിക്ക് ഉള്ളിലാണ് ഉന്നയിക്കേണ്ടതും കോടതി പറഞ്ഞു. ഗുണകരമായ ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നത്. ജൂഡീഷ്യല്‍ സംവിധാനത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.