പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കിയതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണം; ഐടി നിയമത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന്​ സമൂഹമാധ്യമങ്ങളോട്​ ആവശ്യപ്പെട്ട്​ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട്​ വിവിധ സമൂഹമാധ്യമങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ കത്ത്​ നല്‍കി. പുതിയ നിയമങ്ങള്‍ക്കെതിരെ വാട്​സാപ്പ്​ നിയമനടപടിയുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ സമൂഹമാധ്യമങ്ങള്‍ക്ക്​ മേല്‍ കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കിയത്​.

പൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ അത് ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കേന്ദ്രം വിശദീകരിച്ചു. സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യത ലംഘനമല്ലെന്നും കുറ്റം കൃത്യം തടയാനാണ് ആവശ്യപ്പെടുന്നതെന്നും കേന്ദ്രം പറഞ്ഞു. സ്വകാര്യത മൗലികാവകാശമെന്നും കേന്ദ്രം മറുപടി നല്‍കി.

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ കടമയാണ്. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥകള്‍ പാലിച്ച്‌ ദേശീയ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. സന്ദേശങ്ങളുടെ ഉള്ളടക്കം അയയ്ക്കുന്ന വ്യക്തിക്കും സ്വീകരിക്കുന്ന വ്യക്തിക്കും മാത്രം അറിയാന്‍ കഴിയുന്ന വിധം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് വാട്സാപ്പ് വാദിക്കുന്നു. നിര്‍ദേശം ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് വാട്സാപ്പ് ചൂണ്ടിക്കാട്ടി.

ഒരു വശത്ത് സ്വകാര്യതയെക്കുറിച്ച് പറയുകയും മറുവശത്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്സാപ്പ് വാണിജ്യതാല്‍പ്പര്യത്തിനായി ഫെയ്സ്ബുക്കിന് കൈമാറുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. യൂട്യൂബ് അടക്കം സേവനങ്ങള്‍ക്ക് നയം ബാധകമാകും. അതേസമയം, പരാതികള്‍ പരിശോധിക്കാനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അടക്കം പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരിയിലാണ്​ കേന്ദ്രസര്‍ക്കാര്‍ പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ കൊണ്ടു വന്നത്​. ഇത്​ നടപ്പാക്കാന്‍ സമൂഹമാധ്യമങ്ങള്‍ മൂന്ന്​ മാസത്തെ സമയം ചോദിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയം ഇന്ന്​ അവസാനിച്ചിരുന്നു. തുടര്‍ന്നാണ്​ ഇക്കാര്യത്തിലെ പുരോഗതി അറിയിക്കാന്‍ ആവശ്യപ്പെട്ട്​ സമൂഹമാധ്യമങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചത്​.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602