ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36-കാരിയായ മിതാലി 32 ട്വന്റി-20യില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പും ഉള്‍പ്പെടുന്നു.
2021-ലെ ഏകദിന ലോകകപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കുട്ടിക്രിക്കറ്റിനോട് വിടപറയുന്നതെന്ന് മിഥാലി വ്യക്തമാക്കി.
2006 മുതല്‍ താന്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ഭാഗമാണ്. എന്നാല്‍ ഏകദിന ലോകകപ്പ് രാജ്യത്തിനായി നേടുക എന്ന തന്റെ സ്വപ്നത്തിനായി പ്രയത്നിക്കേണ്ടതുണ്ട്. ഇതിനായി പൂര്‍ണ ശ്രദ്ധ നല്‍കുകയാണെന്നും അതിനാല്‍ ട്വന്റി-20 മതിയാക്കിയെന്നും മിഥാലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
32 ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മിഥാലി 2012, 2014, 2016 ലോകകപ്പുകളിലും ക്യാപ്റ്റനായിരുന്നു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായാണ് മിതാലി കളി നിര്‍ത്തുന്നത്. 89 മത്സരങ്ങളില്‍ നിന്ന് 37.5 ബാറ്റിങ് ശരാശരിയില്‍ 2364 റണ്‍സ് മിതാലിയുടെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ നേടിയ 97 റണ്‍സാണ് ഏറ്റവുമയര്‍ന്ന സ്‌കോര്‍. മാര്‍ച്ചില്‍ ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു മിതാലിയുടെ അവസാന ട്വന്റി-20 മത്സരം.