കെവിന്‍ വധക്കേസ്; പത്ത് പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

കോട്ടയം : കെവിന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. സംസ്ഥാനത്തെ ആദ്യ ദുരഭിമാനകൊലയെന്ന് കണ്ടെത്തിയ കേസില്‍ അതിവേഗത്തിലാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ കുറ്റം തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യ കേസാണ് കെവിന്‍ വിധക്കേസ്. പത്ത് പ്രതികള്‍ക്കുമെതിരെ, കൊലപാതകം, ഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഓന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം.

2,4,6,9,11,12 പ്രതികള്‍ ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, തുടങ്ങി പത്ത് വര്‍ഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തു. ഏഴാം പ്രതി ഷിഫിന്‍ തെളിവ് നശിപ്പിച്ചതായും തെളിഞ്ഞു. എഴ് വര്‍ഷം തടവ് ലഭിച്ചേക്കാം. 8,12 പ്രതികള്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്ന് കണ്ടെത്തി. ശിക്ഷാ വിധിക്ക് മുൻപ് പ്രതികൾക്ക് പറയാനുള്ളത് ഇന്ന് കോടതി കേൾക്കും.

© 2024 Live Kerala News. All Rights Reserved.