ഐഎന്‍എക്സ് മീഡിയ കേസ്: അറസ്റ്റിലായ ചിദംബരത്തെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും

ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിബിഐ സംഘത്തിന്റെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ടോടെയാവും കോടതിയില്‍ ഹാജരാക്കുക. ഏറെ നാടകീയതകള്‍ക്കൊടുവിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്‌തത്‌.

ഡൽഹി ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയതോടെ രാത്രി ചിദംബരം എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇവിടെ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.

സിബിഐ സംഘത്തിന്‍റെ പിടിയിലാവുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് രാത്രി എട്ടരയോടെ ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തിലേക്ക് ചിദംബരം എത്തിയത്. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് ചിദംബരം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വായിച്ചത്.

അതേസമയം, രാഷ്ട്രീയ പകപോക്കലിന് ചിദംബരത്തെ വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.