ഇസ്ലാമാബാദ്: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ യുനിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക് മന്ത്രി. പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന് മസാരിയാണ് ആവശ്യം കാണിച്ച് യു എന്നിന് കത്തയച്ചത്.
ജമ്മു കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. ഇത്തരത്തില്‍ ഇന്ത്യന്‍ നിലപാടുകളെ പിന്തുണക്കുന്ന ഒരാള്‍ യുനിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് മസാരി കത്തില്‍ വ്യക്തമാക്കുന്നു.
ബാലക്കോട്ടിലും പുല്‍വാമയിലും ഇന്ത്യന്‍ സൈന്യം പാകിസ്താന് തിരിച്ചടിയായി ആക്രമണം നടത്തിയതിനെ പ്രശംസിച്ചും നടി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യത്തെ ടാഗ് ചെയ്ത് ജയ് ഹിന്ദ് എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ നടപടിയുണ്ടായപ്പോള്‍ പാകിസ്താന്‍കാരിയായ യുവതി പ്രിയങ്കയെ കപടവേഷധാരിയെന്നു വിളിച്ചിരുന്നു.
തനിക്കു യുദ്ധം ഇഷ്ടമല്ലെങ്കിലും ദേശഭക്തിയുണ്ടെന്നും മറുപടി നല്‍കി പ്രയങ്ക ചോപ്ര രംഗത്തു വന്നിരുന്നു. അന്ന് പ്രിയങ്കയുടെ യു എന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനം ചോദ്യം ചെയ്തും യുവതി രംഗത്തു വന്നിരുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാക് മന്ത്രി യുഎന്നിന് കത്തെഴുതിയിരിക്കുന്നത്.