സംസ്ഥാനത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിഞ്ഞതോടെയുള്ള തിരക്ക് മുതലെടുത്താണ് നിരക്ക് വർധന. സെപ്‌തംബർ ആദ്യവാരം ഗൾഫിൽ സ്‌കൂളുകൾ തുറക്കുന്നതിനാൽ നാട്ടിൽനിന്ന് മടങ്ങുന്നവരും ബക്രീദ് കഴിഞ്ഞ് മടങ്ങുന്നവരുമാണ് കൊള്ള നിരക്ക് മൂലം വലയുന്നത്. ഓണക്കാലമായതിനാൽ നിരക്കുവർധന ഇനിയും തുടരാനാണ് സാധ്യത.
ഗൾഫ് മേഖലയിൽ ശരാശരി 5000 മുതൽ 10000 രൂപവരെ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ അഞ്ചിരട്ടിയിലധികമായി. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള നിരക്കും കൂട്ടിയിട്ടുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിമാനക്കമ്പനികളും നിരക്ക് കുത്തനെ കൂട്ടി. ദമാമിലേക്കും കുവൈത്തിലേക്കും ഒരു ലക്ഷം രൂപയോളമാണ് നിരക്ക്.