ശ്രീനഗർ: ജമ്മു കശ്മീരിലെ ചില മേഖലകളിലെ സ്കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ലസ്ജാന്‍, സാന്ഗ്രി, പന്ഥാചൗക്, നൗഗാം, രാജ്ബാഗ്, ജവഹര്‍ നഗര്‍, ഗാഗ്രിബാല്, ധാര, തീഡ്, ബതാമലു, ഷാല്ടെംഗ് എന്നിവിടങ്ങളിലെ 190 സ്കൂളുകളാണ് ഇന്ന് തുറക്കുന്നത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് അധ്യയനം പുനരാരംഭിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെയും മേഖലയിലെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് ഭരണകൂട വക്താവ് അറിയിച്ചു. ഈദാ, വെയ്ന്വാരി എന്നിവിടങ്ങളിലെ ചില സ്കൂളുകളും തുറക്കും. കുട്ടികള്‍ക്കു അധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ടതു പരിഗണിച്ച് ക്ലാസുകള്‍ പുനക്രമീകരിക്കും.
35 പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് ഇന്നലെ 50 പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് ഉയര്‍ത്തിരുന്നു. വൈകാതെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുമെന്ന് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്നലെ വീണ്ടും വിച്ഛേദിച്ചിരുന്നു.