‘കശ്മീര്‍’ ചര്‍ച്ച ചെയ്യാന്‍ ചൈനയുടെ ആവശ്യപ്രകാരം യുഎന്‍ യോഗം ഇന്ന്

യുണൈറ്റഡ് നേഷന്‍സ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. രക്ഷാ സമിതി സ്ഥിരാംഗമായ ചൈനയുടെ ആവശ്യപ്രകാരം രഹസ്യ ചര്‍ച്ചയാണ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രക്ഷാസമിതിയുടെ ഇത്തവണത്തെ അധ്യക്ഷയായ പോളണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടക്കുമെന്ന് പോളണ്ടിന്റെ പ്രതിനിധി ജനാന റോണക്കയെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ വിഷയത്തില്‍ രക്ഷാസമിതി യോഗം ചേരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പാക്കിസ്ഥാനാണ്.

പാക് നിലപാടിനെ പിന്തുണച്ചാണ് ചൈന, കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച എന്ന ആവശ്യവുമായി സമിതി അധ്യക്ഷനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ന് വിളിച്ചുചേര്‍ത്ത അടിയന്തര ചര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന്‍ പ്രതിനിധിയെ ഒഴിവാക്കി. ചൈന ഒഴികെയുള്ള രക്ഷാ സമിതി സ്ഥിരം അംഗങ്ങളായ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ നടപടിക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602