അയോധ്യാഭൂമി തർക്ക കേസ്‌ : ആഴ്‌ചയിൽ അഞ്ച്‌ ദിവസവും വാദം കേൾക്കും

ന്യൂഡൽഹി
അയോധ്യാഭൂമി തർക്ക കേസിൽ അഞ്ചംഗഭരണഘടനാ ബെഞ്ച്‌ ദൈനംദിനം വാദംകേൾക്കുമെന്ന്‌ ആവർത്തിച്ച്‌ സുപ്രീംകോടതി. ആഴ്‌ചയിൽ അഞ്ച്‌ ദിവസവും കേസിൽ വാദംകേൾക്കുന്നതിനെ സുന്നി വഖഫ്‌ബോർഡ്‌ എതിർത്തപ്പോഴാണ്‌ പ്രതികരണം. എല്ലാപ്രവൃത്തിദിനവും വാദംകേൾക്കാനുള്ള കോടതിയുടെ തീരുമാനം പ്രയാസമുണ്ടാക്കുമെന്ന്‌ സുന്നി വഖഫ്‌ബോർഡിന്റെ അഭിഭാഷകൻ രാജീവ്‌ധവാൻ പരാതിപ്പെട്ടു. കക്ഷികൾക്കും അഭിഭാഷകർക്കും തയ്യാറെടുക്കാനുള്ള സാവകാശം ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജീവ്‌ധവാന്‌ ആവശ്യമെങ്കിൽ ചെറിയ ഇടവേള നൽകുന്നത്‌ പരിഗണിക്കാമെന്ന്‌ കോടതി പറഞ്ഞു. ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ17ന്‌ വിരമിക്കുന്ന സാഹചര്യത്തിൽ വേഗത്തിൽ വാദംകേട്ട്‌ വിധി പുറപ്പെടുവിക്കാനാണ്‌ നീക്കം. ഭരണഘടനാബെഞ്ച്‌ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വാദംകേൾക്കാറില്ല. പുതിയ കേസുകൾ പരിഗണിക്കാനും നോട്ടീസുകൾ പുറപ്പെടുവിച്ചതിനുമാണ്‌ ഈ ദിവസങ്ങൾ ഉപയോഗിക്കാറുള്ളത്‌.

തിങ്കളാഴ്‌ചയാണ്‌ വാദം കേട്ടുതുടങ്ങിയത്‌. നിർമോഹി അഖാഡ, രാംലല്ല വിരാജ്‌മൻ തുടങ്ങി ഹിന്ദുകക്ഷികളുടെ വാദങ്ങളാണ്‌ ആദ്യം പരിഗണിക്കുന്നത്‌. തിങ്കൾ, വെള്ളി ദിവസങ്ങളിൽ വാദംകേൾക്കുന്നത്‌ ചുരുങ്ങിയത്‌ മൂന്ന്‌ ബെഞ്ചുകളുടെ പ്രവർത്തനം വൈകിപ്പിക്കും. ഈ ബെഞ്ചുകളിൽ അംഗങ്ങളായ ജഡ്‌ജിമാർ ഭരണഘടനാബെഞ്ചുകളിൽ അംഗങ്ങളാണ്‌. ഓരോ ബെഞ്ചും ശരാശരി 50–-60 പുതിയ കേസ്‌ തിങ്കൾ, വെള്ളി ദിവസങ്ങളിൽ പരിഗണിക്കാറുണ്ട്‌.