ഹജ്ജ്‌ തുടങ്ങി; ഇന്ന് അറഫ സംഗമം

മനാമ
ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ 20 ലക്ഷത്തിലേറെ തീർഥാടകർ ശനിയാഴ്ച ഹജ്ജിന്റെ മുഖ്യചടങ്ങായ അറഫാ സംഗമത്തിൽ ഒത്തുചേരും. വെള്ളിയാഴ്ച രാത്രി മിനായിൽ രാപാർത്ത തീർഥാടകർ 13 കിലോമീറ്റർ അകലെ അറഫാ മൈതാനിയിലേക്കുനീങ്ങി.

വെള്ളിയാഴ്ച മിനായിലെ രാപ്പാർപ്പോടെയാണ് അഞ്ചുദിവസത്തെ ഹജ്ജ്‌ ആരംഭിച്ചത്. വ്യാഴാഴ്ച സൂര്യാസ്തമയത്തോടെയാരംഭിച്ച മിനാ പ്രയാണം വെള്ളിയാഴ്ച വൈകിട്ടുവരെ തുടർന്നു.

ശനിയാഴ്ച അറഫയിൽ ഒരു പകൽ നീളുന്ന പ്രാർഥനയിൽ പങ്കുചേരുന്നതോടെ പ്രധാന ചടങ്ങ് പൂർത്തിയാകും. അറഫയിൽനിന്ന്‌ സൂര്യാസ്തമയശേഷം 9 കിലോമീറ്റർ പിന്നിട്ട് മുസ്ദലിഫയിലെത്തുന്ന ഹാജിമാർ രാത്രി അവിടെ തങ്ങും. പിറ്റേന്ന് മിനായിലെ ജംറകളിൽ എറിയാനുള്ള കല്ലുകൾ പെറുക്കി പ്രഭാത നമസ്‌കാരാനന്തരം മിനായിൽ തിരിച്ചെത്തും. മൂന്നുദിവസം അവിടെ ചെലവഴിച്ചാണ് ഹജ്ജ്‌ പൂർത്തീകരിക്കുക. ഞായറാഴ്ച സൗദിയിൽ ബലി പെരുന്നാൾ ആഘോഷിക്കും.

നാലുലക്ഷത്തോളം ആഭ്യന്തര ഹാജിമാരടക്കം 24 ലക്ഷം തീർഥാടകരാണ് ഈ വർഷം ഹജ്ജ്‌ നിർവഹിക്കുന്നത്. ഇതിൽ രണ്ട് ലക്ഷം ഇന്ത്യക്കാരുൾപ്പെടെ 18,38,339 പേർ വിദേശതീർഥാടകർ. കേരളത്തിൽനിന്ന് കാൽലക്ഷം പേർ ഹജ്ജിനെത്തി. ഇതിൽ 13,472 പേർ ഹജ്ജ്‌ കമ്മിറ്റി വഴിയും 12,000ത്തോളം പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തിയത്.

© 2024 Live Kerala News. All Rights Reserved.