തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമ്പത് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോട് തുടങ്ങിയ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയത്തിനുള്ള മുന്നറിയിപ്പ് 11 ജില്ലകളില്‍ നല്‍കിയിട്ടുണ്ട്. മഴ ശക്തമാകുന്നതിനൊപ്പം അണക്കെട്ടുകളും തുറക്കുന്നതിനാല്‍ ജനങ്ങള്‍ വളരെയധികം ആശങ്കയിലാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
കേരളതീരത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുളള കാറ്റ് ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നു മുതല്‍ മൂന്നര മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാവുമെന്നതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും പലരും ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ് ഉള്ളത്.