കാലവര്‍ഷക്കെടുതി; വയനാട്ടിലെ ദുരന്തങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍

ന്യൂഡല്‍ഹി: വയനാട്ടില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളെപ്പറ്റി വയനാട് എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ടെലിഫോണിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്.

തന്റെ മണ്ഡലമായ വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ സ്ഥിതിയാണെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി രാഹുലിനെ അറിയിച്ചു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായും രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിലേയും വയനാട്ടിലേയും നിലവിലെ അവസ്ഥ താന്‍ നിരീക്ഷിച്ചു വരിയാണെന്നും മുഖ്യമന്ത്രിയുമായും വയനാട് കളക്ടറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ദുരിതബാധിതരെ സഹായിക്കാനായി മുന്നോട്ട് വരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാഹുല്‍ ആവശ്യപ്പെട്ടു.

© 2022 Live Kerala News. All Rights Reserved.