ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിച്ചേക്കും. കഴിഞ്ഞ മാര്‍ച്ച് 27 ന് ആണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസോബോധന ചെയ്തത്. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയം രാജ്യത്തെ അറിയിക്കാനായിരുന്നു അത്.
കാശ്മീർ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്താനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൈയിലുണ്ടായിരുന്ന ‘അതീവ രഹസ്യം’ എന്ന് എഴുതിയിരിക്കുന്ന പേപ്പറിലെ രേഖയില്‍ പ്രധാനമന്ത്രി ഓഗസ്റ്റ് ഏഴിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കുറിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പകരം ഒരു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
അതേസമയം, സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബന്ധന ചെയ്യുന്നതിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. അതിനു ഏതാനും ദിവസങ്ങൾക്ക് മോദി എത്തുന്നത് കാശ്മീർ വിഷയത്തിലെ നിലപാട് വ്യക്തമാക്കാൻ തന്നെയാകും. കാശ്മീർ വിഭജിച്ചതിനെതിരെ എതിർപ്പുമായി എത്തിയ പാകിസ്ഥാനും ചൈനയ്ക്കും മോദി പ്രസംഗത്തിൽ മറുപടി പറയുമോ എന്നാണ് ലോകം കാതോർത്തിരിക്കുന്നത്.