തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും.
കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. പെരിയാർ, തൊടുപുഴയാർ, മുവാറ്റുപുഴയാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മലയോര മേഖലകളിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെയാണ് കനത്ത മഴക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.