ന്യൂഡൽഹി: ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻകേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് ലോധി റോഡിലെ വൈദ്യുത ശ്‌മശാനത്തിലാണ് സംസ്‌കാരം. സംസ്‌കാര ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാക്കളും മറ്റു നേതാക്കളും പങ്കെടുക്കും.
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം രാവിലെ 11 മണി വരെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. മറ്റു പാർട്ടി നേതാക്കളും മുതിർന്ന നേതാക്കളും ഇവിടെയെത്തി അന്ത്യോപചാരം അർപ്പിക്കും. ശേഷം ഉച്ചയ്ക്ക് 2 മുതൽ ബിജെപി ആസ്ഥനത്ത് പൊതുദർശനത്തിന് വെക്കും. ഇതിന് ശേഷം ലോധി റോഡിലെത്തിച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ.
ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് സുഷമ സ്വരാജ് മരണപ്പെട്ടത്. 67 വയസായിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. ഡൽഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു സുഷമ.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു.