ശ്രീനഗര്‍: അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ കശ്മീര്‍ താഴ്വരയിലും ജമ്മുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. താനും തടങ്കലിലാണെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. മറ്റ് പ്രമുഖ നേതാക്കളെയും വീട്ടുതടങ്കലിലാക്കാൻ നീക്കമുണ്ടെന്നും ഒമർ അബ്ദുള്ള ട്വീറ്റില്‍ പറയുന്നു.
പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിലാണ്. കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദും, സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. താഴ്വരയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജമ്മുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രജൗരി, ഉധംപൂർ ജില്ലകളിലും നിരോധനാജ്ഞ ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശത്തെ തുടർന്ന് ജമ്മു സർവകലാശാല അടച്ചു. പരീക്ഷകൾ മാറ്റിവച്ചു. അടിയന്തിര സാഹചര്യത്തെ തുടർന്ന് ഗവർണർ ചീഫ് സെക്രട്ടറി,ഡിജിപി എന്നിവരുടെ യോഗം വിളിച്ചു .