പ്രളയസെസ് ഇന്ന് മുതല്‍; വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയസെസ് ഇന്ന് മുതല്‍ നിലവില്‍ വരും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടി രണ്ട് വര്‍ഷത്തേക്കാണ് സെസ് ഏർപ്പെടുത്തുക. അതേസമയം, പ്രളയസെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

പ്രളയസെസ് ഏർപ്പെടുത്തുന്നതു വഴി 1200 കോടി രൂപ സ്വരൂപിക്കാമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. 12 ശതമാനം ,18 ശതമാനം, 28 ശതമാനം എന്നീ ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി തുടങ്ങിയവക്ക് സെസ് ബാധകമല്ല. ജിഎസ്ടിക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല.

കാര്‍, ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ, പെയിന്റ് എന്നിവയ്ക്കെല്ലാം ഒരു ശതമാനം വില കൂടും. ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവുമാണ് സെസിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം, പ്രളയസെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നും വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.