ഉന്നാവോ കേസ്: പെൺകുട്ടിയുടെ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെണ്‍കുട്ടി ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പെൺകുട്ടി അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ കിടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കത്ത് പരിഗണിക്കുന്നത്.

ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ബലാത്സംഗക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്ന കാര്യം സൂചിപ്പിച്ചാണ് പെണ്‍കുട്ടിയും അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് കത്തയച്ചത്.

എന്നാൽ, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കത്ത് തന്‍റെ മുന്നിലേക്ക് എത്താൻ വൈകിയതിനെ കുറിച്ച് സുപ്രീംകോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്. ഇതേകുറിച്ചുള്ള രജിസ്ട്രിയുടെ വിശദീകരണവും കോടതി ഇന്ന് പരിശോധിച്ചേക്കും.

സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ സിബിഐയിൽ നിന്ന് കോടതി വിശദാംശങ്ങൾ തേടിയേക്കും. കത്തിന്‍റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍നടപടികള്‍ ചീഫ് ജസ്റ്റിസ് ആലോചിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.