യുഎസ്- ദക്ഷിണകൊറിയ സൈനികാഭ്യാസം: വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ

സോള്‍> കൊറിയന്‍തീരത്ത് അമേരിക്കയും ദക്ഷിണ കൊറിയ-യും സംയുക്ത സൈനികാഭ്യാസം നടത്താനിരിക്കെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്‌ചയ്‌ക്കിടെ രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. കിഴക്കൻതീരത്തെ ഹോഡോ ഉപദ്വീപിൽനിന്ന് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് ഹ്രസ്വദൂര മിസൈലാണ് തൊടുത്തത്. 250 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈലുകള്‍ ജപ്പാന്‍ കടലിലെ ലക്ഷ്യസ്ഥാനത്ത് പതിച്ചു. സംയുക്ത സൈനികാഭ്യാസം പിൻവലിക്കാന്‍ തയ്യാറാകാത്തവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് ഉത്തരകൊറിയ പ്രതികരിച്ചു.

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അപ്രതീക്ഷിത ഉത്തരകൊറിയൻ സന്ദര്‍ശനത്തിനു പിന്നാലെ ജൂണ്‍ 25നാണ് ഉത്തരകൊറിയ ആദ്യ മിസൈല്‍ പരീക്ഷണം നടത്തിയത്. എന്നാല്‍, ഇതില്‍ വലിയ പ്രാധാന്യമില്ലെന്നാണ് അമേരിക്ക പ്രതികരിച്ചത്.

മേഖല സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങവെ വീണ്ടും സംയുക്ത സൈനികാഭ്യാസം നടത്തുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരകൊറിയ അഭ്യര്‍ഥിച്ചെങ്കിലും അനുകൂലപ്രതികരണം ഇരുഭാ​ഗത്തുനിന്നും ഉണ്ടായില്ല. അതേസമയം, യുഎസ്‌ വിദേശ സെക്രട്ടറി മൈക്‌ പോംപിയോയും ഉത്തരകൊറിയൻ വിദേശമന്ത്രി റി യോങ്‌ഹോയും തമ്മിൽ ഈയാഴ്‌ച നടക്കാനിരുന്ന ചർച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.