ന്യൂഡൽഹി > നേതാക്കൾക്കുൾപ്പെടെ കോൺഗ്രസിൽ വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് ശശി തരൂർ. വിശ്വാസം നഷ്‌ടപ്പെട്ട് കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും മുമ്പ് അധ്യക്ഷനെ കണ്ടെത്തണം. എത്ര ആഴ്‌ച ഇങ്ങനെ സഹിക്കാനാകും. കർണാടകത്തിൽ കോൺഗ്രസ് സഖ്യസർക്കാരിനെ ബിജെപി അട്ടിമറിച്ചതിനു പിന്നാലെയാണ് തരൂരിന്റെ പരസ്യപ്രസ്‌താവന. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധ്യക്ഷനെ കണ്ടെത്താനാകാതെ കോൺഗ്രസ് നാഥനില്ലാ കളരിയായെന്ന് കഴിഞ്ഞ ദിവസം തരൂർ തുറന്നടിച്ചിരുന്നു.
കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് തടയാൻ ദേശീയ നേതൃത്വമുണ്ടായിരുന്നില്ല. ഗോവയിൽ പ്രതിപക്ഷ നേതാവുതന്നെ ഭൂരിപക്ഷം എംഎൽഎമാരെയുംകൂട്ടി ബിജെപിയിലേക്കുപോയി. നാമനിർദേശം ചെയ്യുന്നതിനുപകരം സംഘടനാ തെരഞ്ഞെടുപ്പു നടത്തി അധ്യക്ഷനെ തെരഞ്ഞെടുക്കണം.
യുവാക്കൾ നേതൃത്വത്തിലും എല്ലാ സമിതികളിലും വരണം. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എട്ടാഴ്‌ചയായിട്ടും ഒരു നേതാവിന്റെ പേര് പ്രഖ്യാപിക്കാനായിട്ടില്ല.
പിസിസി പട്ടികയിലുള്ളവർ മത്സരിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തണം. യുവാക്കൾ നേതൃത്വത്തിൽ വരാൻ സമയമായി. പ്രിയങ്ക ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് സ്വാഗതാർഹമാണ്. അധ്യക്ഷനാകാൻ ആഗ്രഹിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. തരൂരിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. യുവരക്തം അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ് ആവശ്യപ്പെട്ടു.