കൊച്ചി: വൈറ്റില പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഷൈലാ മോളെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റേതാണ് നടപടി.
പാലം നിര്‍മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനയില്‍ പണിയില്‍ കാര്യമായ ക്രമക്കേടു നടന്നതായി ഷൈലമോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സ്വതന്ത്ര ഏജന്‍സിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ നിര്‍മാണത്തില്‍ കുഴപ്പമില്ലെന്നു കണ്ടെത്തിയെന്നു പൊതുമരാമത്ത് വകുപ്പ് പറയുന്നു. മേല്‍പാല നിര്‍മാണത്തില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് ക്വാളിറ്റി കണ്ട്രോള് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗര്‍ഡര്‍, ഡെക്ക് സ്ലാബ് എന്നിവയുടെ കോണ്‍ക്രീറ്റ് സാംപിള്‍ പരിശോധിച്ചതിന്റെ ഫലം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നു മന്ത്രി ജി. സുധാകരന് പറഞ്ഞിരുന്നു.