യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും; വിമതരുടെ ഹര്‍ജി സുപ്രീം കോടതിയില്‍

ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാരിന്റെ പതനത്തോടെ കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും.

പതിനേഴ് വിമത എംഎല്‍എമാരും അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് വെല്ലുവിളിയുണ്ടാകില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാണ്. സ്വതന്ത്രന്‍ എച്ച് നാഗേഷും പ്രമേയത്തെ പിന്തുണച്ചേക്കും. ധനകാര്യ ബില്ലും ഇന്ന് മേശപ്പുറത്ത് വെക്കും.സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിനെ നീക്കാന്‍ ബിജെപി പ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.ധനകാര്യ ബില്ലിന്‍മേലുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രാജിവക്കുമെന്ന സൂചന കെ ആര്‍ രമേഷ് കുമാര്‍ ഇന്നലെ നല്‍കിയിരുന്നു.

അയോഗ്യത നടപടിക്കെതിരെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍ ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത് വ്യാഴാഴ്ചയാണ്.

© 2024 Live Kerala News. All Rights Reserved.