കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗം തീർപ്പാക്കാൻ ആഗസ്റ്റ് ഒന്നുമുതൽ ഒക്‌ടോബർ മൂന്നുവരെ തീവ്രയജ്ഞ പരിപാടി

തിരുവനന്തപുരം
സെക്രട്ടറിയറ്റിലും വിവിധ വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗം തീർപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആഗസ്റ്റ് ഒന്നുമുതൽ ഒക്‌ടോബർ മൂന്നുവരെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സെക്രട്ടറിയറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും റീജ്യണൽ, ജില്ലാ മേധാവികളുടെ ഓഫീസിലും ഫയലുകൾ തീർപ്പാക്കും. ഏറ്റവും കൂടുതൽ തീർപ്പാക്കുന്ന വകുപ്പിനും വകുപ്പുമേധാവിക്കും ഗുഡ് സർവീസ് എൻട്രി നൽകും. സെക്രട്ടറിയറ്റിലെ ഫയലുകൾ കാലപ്പഴക്കം അനുസരിച്ച് ജൂലൈ 31നു മുമ്പ‌് തിട്ടപ്പെടുത്താൻ നിർദേശം നൽകി. അദാലത്തുകളും അതോടൊപ്പം നടത്തും. ജനങ്ങളുടെ പരാതികൾ തീർപ്പാക്കാൻ ആഗസ്റ്റ് 31നുമുമ്പ‌് അതത‌് വകുപ്പുകൾ നടപടിയെടുക്കണം. ബാക്കിയുള്ളവ മന്ത്രിമാർ നേരിട്ട് പരിശോധിച്ച് പരിഹാരം കാണും.

തുടർപ്രവർത്തനമായിരിക്കും ഇത‌്. പരിപാടിയുടെ ഭാഗമായി സെക്രട്ടറിയറ്റിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഡെപ്യൂട്ടി സെക്രട്ടറി തലംമുതൽ മേലോട്ടുള്ളവരുടെയും യോഗം ഉടൻ വിളിക്കും. ഏപ്രിൽ വരെയുള്ള കണക്കു പ്രകാരം 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകൾ തീർപ്പാക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.