ബെംഗളൂരു: കർണാടകയിൽ പുതിയ മന്ത്രിസഭയുണ്ടാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിൽ ബിജെപി സംസ്ഥാന നേതൃത്വം. ഡൽഹിയിൽ നിന്ന് നിർദ്ദേശം കിട്ടിയതിന് ശേഷം നിയമസഭ കക്ഷി യോഗം ചേരാനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിരുന്നു.
ഡൽഹി നിന്ന് നിർദ്ദേശം കിട്ടിയാലുടൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി തേടും. ഇതോടെ നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക. എന്നാൽ യെദ്യൂപ്പയുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന.
അതേസമയം, വിമതരെ അയോഗ്യരാക്കുന്നതിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന എംഎൽഎ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ വീണെങ്കിലും ഉപതെരഞ്ഞെടുപ്പ് വരെ സഖ്യം തുടരാനാണ് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ധാരണ. തത്കാലം സഖ്യം പുനരാലോചിക്കേണ്ട സാഹചര്യമില്ലെന്നും ഇരുവരും വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം