ബെംഗളൂരു: കർണാടകയിൽ ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ ആർ രമേശ് കുമാർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണം. ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കർ അറിയിച്ചു.
അനിശ്ചിതത്വങ്ങളും തർക്കങ്ങളും നീണ്ടു നിന്ന് കർണാടക നിയമസഭാ നടപടികൾക്ക് ഇന്നലെ അർധരാത്രിയോടെയാണ് അവസാനമായത്. അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ തീരുമാനമെടുക്കുകയായിരുന്നു.
വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ അവ്യക്തത ഉള്ളതിനാൽ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. ഇങ്ങനെ നീട്ടിക്കൊണ്ടുപോയി തന്നെ ബലിയാടാക്കരുതെന്ന് പല തവണ സ്പീക്കർ കെ ആർ രമേശ് കുമാർ സഭയിൽ അപേക്ഷിച്ചു.
ഇതിനിടെ താൻ രാജി വച്ചെന്ന തരത്തിലുള്ള വ്യാജക്കത്തുകൾ പ്രചരിക്കുകയാണെന്നും, എന്നാൽ ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയിൽ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോഴതില്ല. കാര്യങ്ങൾ മാറിയെന്നും സഭയിൽ കുമാരസ്വാമി പറഞ്ഞു.