കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. മഴ ശക്തമായ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊല്ലം ശക്തികുളങ്ങരയിൽ ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ നിന്ന് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മറൈൻ എൻഫോഴ്‌സ്‌മെന്‍റ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ ബോട്ടുകൾ ആണ് തിരച്ചിൽ നടത്തുന്നത്.
സംസ്ഥാനത്തെ തീരദേശങ്ങളെല്ലാം രൂക്ഷമായ കടലാക്രമണ ഭീതിയിലാണ്. കാറ്റിന്‍റെ വേഗം മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ശക്തമായ കടലാക്രമണമാണ് തിരുവനന്തപുരത്തെ തീരമേഖലയിൽ അനുഭപ്പെടുന്നത്. 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വലിയതുറയിൽ നിരവധി വീടുകൾ കടലെടുത്തു.