കര്‍ണാടകയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്: കുമാരസ്വാമി സർക്കാറിന്റെ ഭാവി ഇന്ന് അറിയാം

ബെംഗളൂരു: കര്‍ണാടകയിൽ കുമാരസ്വാമി സർക്കാറിന്റെ ഭാവി ഇന്ന് അറിയാം. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നിയമസഭയിൽ വിശ്വാസപ്രമേയ ചർച്ച തുടരും. നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്നാണ് സ്പീക്കർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. അങ്ങനെയെങ്കിൽ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കും.

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്ന് കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

രാജി നൽകിയ എംഎൽഎമാര്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരാകണമെന്ന് നിർബന്ധിക്കാനാകില്ല എന്ന് ജൂലായ് 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് നൽകാനുള്ള രാഷ്ട്രീയ പാർട്ടിയുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസിന്റെയും കുമാരസ്വാമിയുടെയും അപേക്ഷകളിൽ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.