നീതിയും സത്യവും ജയിച്ചു; കുല്‍ഭൂഷന്‍ ജാദവ് കേസിലെ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ പുന പരിശോധിക്കണമെന്നുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യവും നീതിയും എന്നും വിജയിക്കും. കുല്‍ഭൂഷന്‍ ജാദവിന് നീതി ലഭിക്കുമെന്നും ഓരോ പൗരന്റേയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വസ്തുതകളെ കൃത്യമായി വിശകലനം ചെയ്ത ശേഷമുള്ള വിധി പ്രഖ്യാപനം നടത്തിയതില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട കോടതി കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും വിധിച്ചു. കേസില്‍ കോടതിക്ക് ഇടപെടാനാകില്ല എന്ന പാക്കിസ്ഥാന്റെ വാദം തള്ളിയ കോടതി നീതിപൂര്‍വമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. ചാരവൃത്തി ആരോപിച്ച്‌ അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവിന് 2017 ഏപ്രിലിലാണ് പാകിസ്താന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.