ജിദ്ദ: സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നമസ്‌കാര സമയങ്ങളിലും ഇളവ് ബാധകമാണെന്ന നിലയില്‍ പ്രചാരണം സജീവമായിരുന്നു. ഇതോടെയാണ് നിലപാട് വ്യക്തമാക്കി സൗദി അധികൃതര്‍ രംഗത്തെത്തിയത്. നമസ്‌കാര സമയങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് വ്യാജ പ്രചാരണമാണെന്നും നമസ്‌കാര സമയം ഒഴികെയുള്ള സമയത്തെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ദുഗൈഥിര്‍ ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. നമസ്‌കാര സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതിയില്ലെന്ന് അദ്ദേഹം അറിയിച്ചു. രാത്രി കാലത്ത് വ്യാപാരകേന്ദ്രങ്ങള്‍ സജീവമാകാന്‍ വേണ്ടിയാണ് മന്ത്രിസഭ 24 മണിക്കൂര്‍ പ്രവര്‍ത്തന അനുമതി നല്‍കിയതെന്ന് ഖാലിദ് അല്‍ദുഗൈഥിര്‍ വ്യക്തമാക്കി.