അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മുതൽ വിവിധ ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലായ് 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലായ് 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലായ് 20 ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും റെഡ് അലർട്ട് ആയിരിക്കും.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജൂലായ് 16 മുതൽ 20 വരെ അറബിക്കടലില്‍ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയി.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

© 2024 Live Kerala News. All Rights Reserved.