കുമാരസ്വാമി വിശ്വാസം തേടും ; അവസരം ഒരുക്കുമെന്ന‌് സ‌്പീക്കർ

ബംഗളൂരു
നിയമസഭയിൽ വിശ്വാസവോട്ട‌് തേടാൻ തയ്യാറാണെന്ന‌് കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി. വെള്ളിയാഴ‌്ച നിയമസഭയിലാണ‌് കുമാരസ്വാമി ഇക്കാര്യം അറിയിച്ചത‌്. അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കില്ല. വിശ്വാസവോട്ടിന്റെ തീയതി സ‌്പീക്കർക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു.
സഭയുടെ വിശ്വാസം തേടാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട‌് അദ്ദേഹം സ‌്പീക്കർക്ക‌് കത്ത‌് നൽകി.

മുഖ്യമന്ത്രി ആവശ്യപ്പെടുന്നപക്ഷം വിശ്വാസവോട്ടെടുപ്പിനുള്ള അവസരം ഒരുക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ മറുപടി നൽകി. തിങ്കളാഴ‌്ച വിശ്വാസവോട്ട‌് തേടാൻ സ‌്പീക്കർ അനുവദിച്ചേക്കും.

അന്തിമ തീരുമാനം ശനിയാഴ‌്ച ഉണ്ടാകും. കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം വെള്ളിയാഴ‌്ചയാണ‌് ആരംഭിച്ചത‌്. പ്രശ‌്നപരിഹാരത്തിന‌് സമയം വേണമെന്ന‌് കുമാരസ്വാമി ആവശ്യപ്പെട്ടു. അതിനിടെ, വിമത കോൺഗ്രസ്– ജെഡിഎസ് എംഎല്‍എമാരെ മുംബൈ സബർബന്‍ പൊവായിലെ റിനൈസൻസ് ഹോട്ടലിലേക്കുമാറ്റി. ആത്മവിശ്വാസമുള്ളതുകൊണ്ടാണ‌് സർക്കാർ വിശ്വാസവോട്ട‌് തേടുന്നതെന്ന‌് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ‌് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.

വിശ്വാസവോട്ട‌് തേടുമെന്ന‌് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുപിന്നാലെ ഭരണസഖ്യമായ കോൺഗ്രസിലെയും ജെഡിഎസിലെയും എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകി.
വിമതർക്ക് ഉൾപ്പെടെയാണ് വിപ്പ് നൽകിയിരിക്കുന്നത്. അതിനിടെ വിശ്വാസവോട്ടെടുപ്പ‌് തേടാനുള്ള കുമാരസ്വാമിയുടെ നിലപാട‌് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട‌്.

© 2024 Live Kerala News. All Rights Reserved.